പൊലീസിന് മാത്രം അദൃശ്യനായ എസ് എഫ് ഐ നേതാവ് അറസ്റ്റിലായി

സംസ്ഥാന സെക്രട്ടറി പി എം അർഷോ

Jun 12, 2022 - 12:01
0
പൊലീസിന് മാത്രം അദൃശ്യനായ എസ് എഫ് ഐ നേതാവ് അറസ്റ്റിലായി

  മൂന്ന് മാസത്തിലേറെയായി പൊലീസിന് അദൃശ്യനായിരുന്ന എസ് എഫ് ഐ നേതാവ് പി.എം.അർഷോ അറസ്റ്റിലായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ ഇയാൾ നാൽപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മൂന്നു മാസം മുൻപ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയിട്ടും പൊലീസ് അറസ്റ്റു ചെയ്യാതിരുന്നതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തത്. ദേഹപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ അർഷോയെ റിമാൻഡ് ചെയ്തു.

ഇദ്ദേഹത്തെ സഹപ്രവർത്തകർ രക്തഹാരം അണിയിച്ചു മുദ്രാവാക്യങ്ങളോടെയാണ് ജയിലിലേക്ക് അയച്ചത്. ഇതിനു പൊലീസ് ഒത്താശ ചെയ്തു കൊടുക്കുന്നതു വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. അറസ്റ്റു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല. ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്നാണ് അർഷോയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തത്. അറസ്റ്റിലായ പ്രതിക്കു ജാമ്യം നിഷേധിച്ചു. പിന്നീടു കർശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ പരാതിക്കാരൻ പ്രതിക്കെതിരായി കൂടുതൽ കേസുകളുള്ള വിവരം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. പ്രതി ജാമ്യത്തിലിറങ്ങി കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരിക്കെ അർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. പിന്നീട് പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസ് തയാറായില്ല. ഇതിനിടെ പരാതി ഉയർന്നപ്പോൾ പ്രതി ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്.

 മലപ്പുറം എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അർഷോയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുത്തിട്ടും പൊലീസ് അറസ്റ്റു ചെയ്തില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയത്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User