സര്‍ക്കാര്‍ മുട്ടുമടക്കി; നടിയെ ആക്രമിച്ച കേസ് അന്വേഷണം അവസാനിപ്പിക്കില്ല

സര്‍ക്കാര്‍ മുട്ടുമടക്കി; നടിയെ ആക്രമിച്ച കേസ് അന്വേഷണം അവസാനിപ്പിക്കില്ല

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടന്‍ അവസാനിപ്പിക്കേണ്ടെന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നടി അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. 
കേസില്‍ കുറ്റപത്രം നല്‍കാന്‍ സമയം നീട്ടി ചോദിക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. നടിയുടെ ഹര്‍ജിയില്‍ അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ പൊലീസ് ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി നല്‍കും. ഹര്‍ജി നല്‍കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഈ മാസം 30 ന് കുറ്റപത്രംനല്‍കാന്‍ ആയിരുന്നു നിര്‍ദ്ദേശം. കുറ്റപത്രം നല്‍കുന്നത് തടയണം എന്നാണ് അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെടുക. ഇടക്കാല ഉത്തരവ് വേണം എന്നും ആവശ്യപ്പെടും. കേസില്‍ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ തീരുമാനം ആയിട്ടില്ല. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപിച്ച്  അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാകും കേസ് കേള്‍ക്കുക. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച്  ഹര്‍ജി പരിഗണിച്ചെങ്കിലും അതിജീവിതയുടെ ആവശ്യത്തെത്തുടര്‍ന്ന് വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു. വരുന്ന തിങ്കളാഴ്ച അധിക കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കേസ് അട്ടിമറിച്ച ദിലീപിന്റെ അഭിഭാഷകരെ ഒഴിവാക്കിയെന്നും വിചാരണക്കോടതിയുടെ നടപടികളില്‍ പരിശോധന വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം