''കസേര തെറിപ്പിക്കും ഞാൻ'';വനിതാ മന്ത്രിക്ക് അവസാന താക്കീത് നൽകി മുഖ്യൻ ;അമ്പരന്ന് മന്ത്രിസഭാ
റീൽസ് ചിത്രീകരണത്തിന്റെ പേരിൽ സ്കൂളുകളെ വേദിയാക്കരുതെന്നും അഴിമതിയിൽ വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മന്ത്രിമാർക്ക് കർശന മുന്നറിയിപ്പ് നൽകി. കൈക്കൂലി വിവാദത്തിൽ പാർട്ടി നേതാവിനെ പുറത്താക്കിയ നടപടിയും സർക്കാരിന്റെ അഴിമതിവിരുദ്ധ നിലപാടിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
"റീൽസും ഗിമ്മിക്കുകളും കാട്ടാനാണ് എങ്കിൽ ഒരു മന്ത്രിയും സ്കൂളിലേക്കോ കുട്ടികളുടെ അടുത്തേക്കോ പോകേണ്ടതില്ല..." തമിഴ്‌നാട്ടിലെ എല്ലാ മന്ത്രിമാർക്കുമായി മുഖ്യമന്ത്രി ജോസഫ് വിജയ് അവസാന താക്കീത് നൽകിയ കൂട്ടത്തിൽ ഒരു കാര്യം കൂടി അദ്ദേഹം അടിവരയിട്ടു പറഞ്ഞു: അഴിമതിയും കോമാളിത്തരവുമൊക്കെയായി മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ മന്ത്രി കസേര പോലും തെറിക്കുമെന്ന്! മുഖ്യമന്ത്രിയുടെ ഈ കടുത്ത താക്കീതിൽ രണ്ടാം മന്ത്രിസഭാ യോഗം ആകെ അമ്പരന്നുപോയിരിക്കുകയാണ്. ഭരണത്തിലെ സുതാര്യതയും അഴിമതിരഹിത പ്രതിച്ഛായയും ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന പുതിയ ടിവികെ ഭരണകൂടത്തിന് കടുത്ത ഭരണപരമായ പരീക്ഷണങ്ങളുയർത്തുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിൽ നിന്നും പുറത്തുവന്നത്.

വ്യവസായ മന്ത്രി എസ്. കീർത്തന സർക്കാർ സ്കൂളിൽ നടത്തിയ സന്ദർശനത്തിനിടെ എടുത്ത റീൽസ് വിഡിയോ വലിയ വിവാദങ്ങൾക്ക് വഴിമാറിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. സ്കൂളിലെത്തിയ മന്ത്രി ഒരു പെൺകുട്ടിയോട് ഇംഗ്ലീഷ് സംസാരിക്കാൻ ആവശ്യപ്പെടുകയും കുട്ടിയുടെ പിതാവിന്റെ ജോലിയെക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. കുട്ടിക്ക് കൃത്യമായ മറുപടി നൽകാൻ സാധിക്കാതെ വന്നതോടെ അധ്യാപകരെ പരസ്യമായി ചോദ്യം ചെയ്ത രംഗങ്ങളെല്ലാം കൃത്യമായി ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ റീൽസായി പങ്കുവെക്കുകയായിരുന്നു. ഈ വിഡിയോ വലിയ ജനരോഷത്തിന് കാരണമായതോടെയാണ്, വ്യക്തിപരമായ മൈലേജിനായി വിദ്യാലയങ്ങളെയും കുട്ടികളെയും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് വിജയ് വ്യക്തമാക്കിയത്. റീൽസ് ചിത്രീകരണത്തിന്റെ പേരിൽ ആരും സ്കൂളുകളിലും പൊതുസ്ഥാപനങ്ങളിലും കയറി ആളാകാൻ നോക്കേണ്ടെന്നും നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രി മന്ത്രിസഭയിൽ ഇത്രയും കടുത്ത നിലപാട് സ്വീകരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. അഴിമതിക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് വിജിലൻസ് വകുപ്പ് പുതിയ വാട്സാപ് ഹെൽപ്‌ലൈൻ നമ്പർ പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ ഭരണകക്ഷിയായ ടിവികെയെ ഞെട്ടിച്ച അഴിമതി ആരോപണം പുറത്തുവന്നിരുന്നു. മാമ്പാക്കം പഞ്ചായത്ത് യൂണിയൻ വൈസ് പ്രസിഡന്റും ടിവികെ ചെങ്കൽപെട്ട് ഈസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ എൻ.വി. വീരസാമി ഒരു കരാറുകാരനിൽ നിന്ന് മുപ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഒരു ലക്ഷം രൂപ ഇതിനകം നൽകിക്കഴിഞ്ഞതായി വ്യക്തമാക്കുന്ന ശബ്ദരേഖയും വിഡിയോയിലുണ്ടായിരുന്നു. സർക്കാർ പ്രഖ്യാപിച്ച ആന്റി കറപ്ഷൻ സംവിധാനങ്ങൾ ചർച്ചയാകുന്നതിനിടയിൽ സ്വന്തം പാർട്ടി നേതാവ് തന്നെ കൈക്കൂലി കേസിൽ കുടുങ്ങിയത് വലിയ രാഷ്ട്രീയ നാണക്കേടായി മാറിയതോടെ വീരസാമിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്തുകൊണ്ട് ടിവികെ നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.

ടിവികെ സർക്കാരിന്റെ ആദ്യ ബജറ്റ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾ സജീവമായിരിക്കെയാണ് മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെയും ഭാഗത്തുനിന്നുള്ള വീഴ്ചകൾക്ക് മുഖ്യമന്ത്രി കടുത്ത കടിഞ്ഞാണിടുന്നത്. അഴിമതിക്കും ജനവിരുദ്ധമായ പബ്ലിസിറ്റി സ്റ്റണ്ടുകൾക്കും പുതിയ തമിഴ്നാട് സർക്കാരിൽ സ്ഥാനമില്ലെന്ന ശക്തമായ സന്ദേശമാണ് സ്വന്തം പാർട്ടി നേതാവിനെ പുറത്താക്കിയതിലൂടെയും മന്ത്രിമാർക്ക് നൽകിയ അന്ത്യശാസനത്തിലൂടെയും ജോസഫ് വിജയ് വ്യക്തമാക്കുന്നത്. ഭരണത്തിന്റെ തുടക്കത്തിൽ തന്നെയുണ്ടായ ഈ തിരുത്തൽ നടപടികൾ വരുംദിവസങ്ങളിൽ വിജയ് സർക്കാരിന്റെ രാഷ്ട്രീയ ദിശ നിർണ്ണയിക്കുന്നതിൽ ഏറെ നിർണ്ണായകമാകും.
സുലൈല എം