ബീഹാര്‍ മന്ത്രിസഭയില്‍ തിളങ്ങി കോണ്‍ഗ്രസ്
എന്‍ഡിഎ സഖ്യം അവസാനിപ്പിച്ച് മഹാസഖ്യത്തോടൊപ്പം ചേര്‍ന്ന ജനതാദള്‍ യുണൈറ്റഡിന്റെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും.മഹാസഖ്യത്തിലെ ഓരോ കക്ഷികള്‍ക്കും എത്ര മന്ത്രി സ്ഥാനങ്ങള്‍ ഉണ്ടാവും എന്ന ചോദ്യം ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാണ്. കോണ്‍ഗ്രസിന് നാല് മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ജനതാദള്‍ യുണൈറ്റഡിന് 11-13വരെ മന്ത്രി സ്ഥാനങ്ങള്‍ ലഭിച്ചേക്കും. ജനതാദള്‍ യുണൈറ്റഡിന്റെ മന്ത്രിയായിരുന്നവര്‍ എല്ലാവരും പുതിയ മന്ത്രിസഭയിലുമുണ്ടാവും. ഉപേന്ദ്ര കുശ്വാഹ പുതുതായി മന്ത്രിസഭയിലേക്ക് വന്നേക്കാം. ആര്‍ജെഡിക്ക് ഉപമുഖ്യമന്ത്രി സ്ഥാനമടക്കം 20 മന്ത്രി സ്ഥാനങ്ങള്‍ ലഭിച്ചേക്കും. തേജസ്വി യാദവ്, തേജ് പ്രതാപ്, അലോക് കുമാര്‍ മേഹ്തയടക്കം മന്ത്രിമാരാവും. കോണ്‍ഗ്രസിന് നാല് മന്ത്രി സ്ഥാനം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ അതിലൊരാളാവും. മുതിര്‍ന്ന നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍, രാജേഷ് റാം, അജിത് ശര്‍മ്മ എന്നിവരും മന്ത്രിമാരാവും.