രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നു. ഡൽഹിയിൽ ജന്തർമന്ദറിൽ കോൺഗ്രസ് പ്രതിഷേധം

കോൺഗ്രസ് എം പി മാർ ഡൽഹിയിൽ

രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നു. ഡൽഹിയിൽ ജന്തർമന്ദറിൽ കോൺഗ്രസ് പ്രതിഷേധം

 

നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻ‌ഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ആഴ്ച മൂന്നു വട്ടം രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാൻ വെള്ളിയാഴ്ച നോട്ടിസ് നൽകിയെങ്കിലും രാഹുൽ അസൗകര്യം അറിയിച്ചു. തുടർന്നാണു ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്കു മാറ്റിയത്.
ചോദ്യം ചെയ്യൽ ആരംഭിക്കും മുൻപ് എഐസിസി ആസ്ഥാനത്തേക്കുള്ള വഴി പൊലീസ് അടച്ചു. പ്രവേശന കവാടത്തിനു മുൻവശം ബാരിക്കേ‍‍ഡ് വച്ച് അടച്ചുപൂട്ടി. വൈകിട്ട് അഞ്ചു മണിക്കുശേഷമേ ബാരിക്കേ‍ഡുകൾ നീക്കൂവെന്നാണ് പൊലീസ് അറിയിപ്പ്. എംപിമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് തടഞ്ഞു.
കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സമരവേദിയിലെത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രതിഷേധം നടക്കുന്ന ജന്തർ മന്തറിലേക്കുള്ള റോ‍ഡും പൊലീസ് അടച്ചു.