ഇത് സ്നേഹ​ത്തിന്റെ ഭാഷ, വെറുപ്പിന്റെ ഭാഷയല്ല; ഭാരത് ജോഡോ യാത്ര ഇന്ന് മുപ്പതാം ദിവസം

ഇത് സ്നേഹ​ത്തിന്റെ ഭാഷ, വെറുപ്പിന്റെ ഭാഷയല്ല;  ഭാരത് ജോഡോ യാത്ര ഇന്ന് മുപ്പതാം ദിവസം

 നമ്മൾ സംസാരിക്കുന്നത് സ്നേഹത്തിന്റെ ഭാഷയാണ്. അവർ സംസാരിക്കുന്നത് വെറുപ്പിന്റെ ഭാഷയും. അവർക്കു വേണ്ടത് വിഭജനമാണ്. നമ്മൾ ആ​ഗ്രഹിക്കുന്നത് ഐക്യവും. അവരുടെ കണ്ണ് കച്ചവടത്തിലാണ്. നമ്മൾ ലക്ഷ്യം വയ്ക്കുന്നത് എല്ലാവർക്കും തുല്യ നീതി ലഭിക്കുന്ന വികസനവും. മാണ്ഡ്യ ജില്ലയിലെ ബ്രഹ്മദേവരഹള്ളി ​ഗ്രാമത്തിലെ സമ്മേളന വേദിയിൽ രാഹുൽ ​ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഇരുപത്തൊൻപതാമതു ദിവസത്തെ പരിപാടികൾക്കു സമാപനം കുറിക്കുകയായിരുന്നു ഇന്നലെ രാത്രി. മുപ്പതാം ദിവസത്തെ പദയാത്ര ഇന്നു രാവിലെ ബ്രഹ്മദേവരഹള്ളിയിൽ നിന്നു മൂന്നു കിലോമീറ്റർ മാറി മലേനഹള്ളിയിൽ നിന്നു തുടങ്ങും. കഴിഞ്ഞ മാസം ഏഴിനു കന്യാകുമാരിയിൽ നിന്നു തുടങ്ങിയ പദയാത്ര ഇന്ന് ഒരു മാസം പൂർത്തിയാക്കുകയാണ്. ഇതോടെ യാത്രാ ദൂരം മൂന്നിലൊന്നിനടുത്തത്തും.
ഇന്നലെ പദയാത്രയിൽ നിരവധി അം​ഗപരിമിതർ പങ്കെടുത്തു. നടക്കാൻ ഏറെ ബു​ദ്ധിമുട്ടുണ്ടായിട്ടും അവർ രാഹുലിനൊപ്പം ഏറെ ദൂരം നടന്നു. എല്ലാ മേഖലയിലും തങ്ങൾ അവ​ഗണന നേരിടുകയാണെന്ന് യുവാക്കൾ പറഞ്ഞു. വിദ്യാഭ്യാസത്തിലും തൊഴിലിലും തങ്ങൾക്ക് അവകാശപ്പെട്ട സംവരണം ഇല്ലാതാക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. പഠിക്കാൻ വലിയ ബുദ്ധിമുട്ടുണ്ട്. പഠിച്ചു കഴിഞ്ഞാൽ തൊഴിൽ കിട്ടാനും ബുദ്ധിമുട്ടുകയാണ്. വികലാം​ഗർക്കായി കർണാടക സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അവർ പരാതിപ്പെട്ടു. വികലാം​ഗർക്കുള്ള പെൻഷൻ പോലും കിട്ടുന്നില്ല.
മാണ്ഡ്യ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നു വന്ന കർഷകരുമായും രാഹുൽ ​ഗാന്ധി കൂടിക്കാഴ്ച നടത്തി. കരിമ്പ്, നെല്ല്, ക്ഷീര കർഷകരാണ് മുഖാമുഖത്തിനെത്തിയത്. കാർഷിക മേഖല അപ്പാടെ തകർന്നെന്ന് കർഷകർ. മിനിമം താങ്ങുവില കിട്ടാതെ കർഷകർ കടക്കെണിയിലാണ്. പല കർഷകരും ഇതിനകം ആത്മത്യ ചെയ്തെന്ന് ചർച്ചയിൽ പങ്കെടുത്തവർ കണ്ണീരോടെ പറഞ്ഞു. വിവാദ നിയമങ്ങളുണ്ടാക്കി കർഷകരെ കൂടുതൽ കുഴപ്പത്തിൽ ചാടിക്കാനാണ് നരേന്ദ്ര മോദി ശ്രമിച്ചതെന്നു രാഹുൽ ​ഗാന്ധി മറുപടി പറഞ്ഞു. അതിനെതിരേ കർഷകർ നടത്തിയത് ഐതിഹാസികമായ പ്രക്ഷോഭമാണ്. അതു നരേന്ദ്ര മോദി സർക്കാരിനു നൽകിയ ശക്തമായ മുന്നറിയിപ്പായിരുന്നു. കർഷക പ്രക്ഷോഭത്തിൽ വിവാദ നിയമങ്ങൾ പിൻവലിച്ചു. എന്നാൽ അന്നു നൽകിയ ഉറപ്പുകൾ സർക്കാർഇന്നും പാലച്ചില്ലെന്നും രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.
ഇന്നു രാവിലെ ഏഴിന് മലേനഹള്ളിയിൽ നിന്നാണ് ജാഥ തുടങ്ങുക. ചിത്തനള്ളിയിൽ രാവിലെ 11 ന് വിശ്രമം. വൈകുന്നേരം നാലിന് വീണ്ടും തുടങ്ങുന്ന യാത്ര ബെല്ലാരി ടൗൺ ബസ് സ്റ്റാൻഡിൽ സമാപിക്കും