‘പകർച്ചവ്യാധികളുടെ വർധന ആരുടെയും വീഴ്ചയല്ല’; നിയന്ത്രണത്തിനായി ഹൈപവർ കമ്മിറ്റികൾ രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം ആയതോടെ പകർച്ചവ്യാധികൾ അതിവേഗം പടർന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ്. ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി ഹൈപവർ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പകർച്ചവ്യാധികൾ കൂടുന്നത് ആരുടേയും തെറ്റല്ലെന്നും പരിശോധന വിപുലമാക്കിയിട്ടുണ്ടെന്നും മന്ത്രി വർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പുകൾ കാരണമാണ് തടസപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. ഇന്ന് ചേർന്ന യോഗത്തിൽ പകർച്ചവ്യാധി നിയന്ത്രണം, മരുന്നുകളുടെ ലഭ്യതയും സംഭരണവും എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്ത് റിപ്പോർട്ട് നൽകാൻ ഹൈ പവർ കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി അറിയിച്ചു. ചെയർമാൻ എസ് എസ് ലാൽ, കോ ഓർഡിനേറ്റർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും കമ്മിറ്റി പ്രവർത്തിക്കുക. ജില്ല തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ആക്ഷൻ കമ്മിറ്റി രൂപികരിച്ചിരിക്കുന്നത്. പ്രത്യേക പ്രദേശങ്ങളിൽ നിപ വരുന്നതിനെ കുറിച്ച് പരിശോധന ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് എല്ലാ മരുന്നുകളും സ്റ്റോക്കുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, വൃത്തി ഹീനമായ തട്ടുകടകൾ പൂട്ടാനും മിനറൽ വാട്ടർ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
അതേസമയം, വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കൂടാതെ, കോഴിക്കോട് മലേറിയ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാകുകയും ചെയ്തു. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിൽ മലമ്പനിയും റിപ്പേർട്ട് ചെയ്തു. ഇരിങ്ങല്ലൂർ സ്വദേശിയായ 63 കാരനാണ് മലമ്പനി ബാധിച്ചത്.