ക്രിസ്റ്റ്യാനോ ശരിക്കും ഫോമിലായോ;ആരാധകർ അസ്വസ്ഥരാണോ, പോർച്ചുഗലിൽ നിന്ന് ഇനിയും പ്രതീക്ഷകളുണ്ടോ?

ക്രിസ്റ്റ്യാനോ ശരിക്കും ഫോമിലായോ;ആരാധകർ അസ്വസ്ഥരാണോ, പോർച്ചുഗലിൽ നിന്ന് ഇനിയും പ്രതീക്ഷകളുണ്ടോ?

" കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ആദ്യമായി കാൽ കുത്തിയതാര് ?" എന്ന സ്‌കൂൾ ചരിത്ര പുസ്‌തകത്തിലെ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനേക്കാൾ അന്ന് ശ്രമിച്ചത് പറങ്കികൾ എന്ന പേരിനെ അറിയാനാണ്. വർഷങ്ങൾക്കു മുമ്പ് സ്‌കൂൾ പഠനകാലത്തെ ഓർമയാണ്. കേരളത്തിൽ ആദ്യമായി കപ്പലിറങ്ങിയ യൂറോപ്യന്മാർ പോർച്ചുഗീസുകാരായതുകൊണ്ട് മലയാളികൾ "പറങ്കി"യെന്ന പേര് അവർക്ക് ചാർത്തിക്കൊടുത്തു. വെറുമൊരു അധിനിവേശം മാത്രമായിരുന്നില്ല, മറിച്ച് ഭാഷയും ഭക്ഷണവും സംസ്കാരവും ഒക്കെ മാറിമറിഞ്ഞ വലിയൊരു ചരിത്രഘട്ടത്തിന്റെ തുടക്കം കൂടിയായിരുന്നു അക്കാലം. വർഷങ്ങൾ കഴിഞ്ഞു. ആ പഴയ സ്കൂൾ ബെഞ്ചിൽ നിന്ന് നമ്മൾ വളർന്നു. ചരിത്ര പരീക്ഷകൾ കഴിഞ്ഞിട്ടും 'പറങ്കികൾ' എന്ന പേര് മലയാളി മറന്നില്ല; പകരം ആ പേര് നെഞ്ചിലേറ്റുകയായിരുന്നു. അന്ന് കപ്പലിറങ്ങി വന്ന പറങ്കികളോടുള്ള കൗതുകം, ഇന്ന് യൂറോപ്യൻ പുൽമൈതാനങ്ങളിൽ പന്തുരുട്ടുന്ന പോർച്ചുഗീസ് പന്ത്കളി പടയാളികളോടുള്ള അടങ്ങാത്ത ആവേശമായി മാറി. അങ്ങനെയാണ് കേരളത്തിൽ ഒരു 'പോർച്ചുഗൽ ഫാൻസ്' സംസ്കാരം രൂപപ്പെടുന്നത്. ചരിത്രത്തിലെ പറങ്കികളിൽ നിന്ന് ഇന്നത്തെ പോർച്ചുഗൽ ഫാൻസിലേക്കുള്ള ആ ദൂരം പൂർണമാകുന്നത് ഒരൊറ്റ പേര് കടന്നുവരുമ്പോഴാണ്—ക്രിസ്റ്റ്യാനോ റൊണാൾഡോ! CR 7.

ചുവട് പിഴച്ച തുടക്കം !

വാനോളമുയർന്ന ഹൈപ്പുമായി  കളിത്തട്ടിലിറങ്ങിയ പോർച്ചുഗലിന് ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ചുവടുപിഴക്കുമെന്ന് ആരും കരുതിയിരുന്നില്ല. ആഫ്രിക്കൻ കരുത്തുമായി വന്ന കോംഗോ കളിക്കളത്തിൽ അവരെ ഞെട്ടിച്ചപ്പോൾ കളി തീർന്നത് 1-1 എന്ന സമനിലപ്പൂട്ടിൽ! സിആർ7  ആരാധകർ അമ്പരപ്പോടെയാണ് ആ 90 മിനിറ്റുകൾ നോക്കിനിന്നത്. മൈതാനത്ത് കണ്ടത് പഴയ ആ യുദ്ധവീരനെയല്ല, വെറുമൊരു നിഴലിനെ മാത്രമായിരുന്നു. എതിരാളികൾ അദ്ദേഹത്തെ കത്രികപ്പൂട്ടിട്ടു പൂട്ടിയതാണോ, അതോ കരിയറിന്റെ സായന്തനത്തിൽ തനിക്ക് മേൽ ഉണ്ടായ സമ്മർദ്ദത്തിന്റെ ചങ്ങലകളിൽ അദ്ദേഹം സ്വയം ബന്ധിതനായതാണോ? പോർച്ചുഗൽ, നിങ്ങളിൽ നിന്ന് കാൽപന്ത് ലോകം ഇതല്ല പ്രതീക്ഷിച്ചത്! കാരണം, ജയിക്കുന്നവർക്കൊപ്പമാണ് എപ്പോഴും ഈ ലോകം സഞ്ചരിക്കാറുള്ളത്. അതേസമയം, മറ്റൊരു വശത്ത് അർജൻ്റീനയുടെ ലയണൽ മെസ്സി ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക് അടക്കം സ്വന്തമാക്കി വിജയഭേരി മുഴക്കുമ്പോൾ ആരാധകക്കൂട്ടം ഇരട്ടിയായി ഒഴുകുകയാണ് അവരിലേക്ക്. അതെ! വിജയിക്കുന്നവരുടെ പിന്നാലെ എന്നും ആളുണ്ടാവും. തോറ്റവർക്കൊപ്പം നിൽക്കാൻ കറകളഞ്ഞ കളി ഭ്രാന്തൻമാർ മാത്രമേ ബാക്കി കാണൂ. ഒരു രാജ്യം ഫുട്ബോൾ ഭൂപടത്തിൽ അനുഭവിക്കുന്ന എല്ലാ വിലാസങ്ങളും CR എന്ന ഈ ഏഴാം നമ്പർ ജേഴ്സിക്കാരൻ തന്റെ ചോരയും വിയർപ്പും ഒഴുക്കി കെട്ടിപ്പടുത്തതാണ്. കോംഗോക്കെതിരെയുള്ള മത്സരത്തിലെ റൊണാൾഡോയുടെ പ്രകടനത്തിലേക്ക് വന്നാൽ 90 മിനിറ്റ് കളിച്ചിട്ടും റൊണാൾഡോക്ക് മത്സരത്തിൽ ആകെ ലഭിച്ചത് വെറും 25 ടച്ചുകൾ മാത്രമാണ്. ഒരു സ്ട്രൈക്കർ കളിയിൽ എത്രത്തോളം ഒറ്റപ്പെട്ടുപോയി എന്ന് വ്യക്തമാക്കുന്ന കണക്കാണിത്. ഗോളോ അസിസ്റ്റോ ഈ മത്സരത്തിൽ ഉണ്ടായതുമില്ല.


 
സഹകളിക്കാർ റൊണാൾഡോക്ക് പന്ത് കൊടുക്കാത്തതാണോ?

കളി കണ്ടവർക്ക് തോന്നാവുന്ന ഒരു കാര്യമാണിത്, എന്നാൽ ഇതിന് പിന്നിൽ കൃത്യമായ ഒരു ടാക്റ്റിക്കൽ കാരണമുണ്ട്. കോംഗോ ഡിഫൻഡർമാർ റൊണാൾഡോയെ 'മാൻ-മാർക്ക്' ചെയ്ത് പൂട്ടുകയായിരുന്നു. റൊണാൾഡോയിലേക്ക് പന്തെത്താതിരിക്കാൻ ബ്രൂണോ ഫെർണാണ്ടസിനെയും ബെർണാഡോ സിൽവയെയും മധ്യനിരയിൽ തന്നെ കോംഗോ താരങ്ങൾ തടഞ്ഞു. പന്ത് വിങ്ങുകളിലേക്ക് പോയപ്പോഴാകട്ടെ, ബോക്സിനുള്ളിൽ റൊണാൾഡോയെ മൂന്നും നാലും ഡിഫെൻഡർമാർ വളഞ്ഞു നിന്നു. സഹകളിക്കാർ പന്ത് കൊടുക്കാതിരുന്നതല്ല, മറിച്ച് കോംഗോയുടെ കൃത്യമായ പ്രതിരോധ തന്ത്രം കാരണം പോർച്ചുഗൽ മധ്യനിരക്ക് റൊണാൾഡോയിലേക്ക് കൃത്യമായ പാസ്സുകൾ എത്തിക്കാൻ ല്ലന്നാണ് കളിയിൽ നിന്ന് മനസ്സിലായത്.

 ഡബിളടിച്ച് ഫോമിലേക്ക് ?

കോംഗോക്കെതിരായ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗൽ വിങ്ങുകളിലൂടെയാണ് കളി വികസിപ്പിച്ചത്. റാഫേൽ ലിയാവോയും വിങ്ങിലൂടെ കയറിവന്ന ഫുൾബാക്കുകളും ഉസ്ബെക്ക് പ്രതിരോധത്തെ വശങ്ങളിലേക്ക് വലിച്ച് നീട്ടി. ഇത് ബോക്സിനുള്ളിൽ റൊണാൾഡോക്ക് മേലുള്ള കടുപ്പമേറിയ മാൻ-മാർക്കിങ്ങ ഇല്ലാതാക്കിയെന്ന് പറയാം. വിങ്ങുകളിൽ നിന്ന് ബോക്സിലേക്ക് കൃത്യമായ ക്രോസുകൾ എത്തിയതോടെ റൊണാൾഡോക്ക് പന്ത് സ്വീകരിക്കാനും അത് ഗോളിലേക്ക് തിരിച്ചുവിടാനും ആവശ്യത്തിന് സ്പേസ് ലഭിച്ചു. കോംഗോ താരങ്ങൾ മധ്യനിരയിൽ  തന്നെ പാസിംഗ് ലൈനുകൾ ബ്ലോക്ക് ചെയ്തപ്പോൾ, ഉസ്ബെക്കിസ്ഥാനെതിരെ ബ്രൂണോക്ക് പന്ത് ഹോൾഡ് ചെയ്യാനും കൃത്യമായ 'ത്രൂ-ബോളുകൾ' ബോക്സിലേക്ക് നൽകാനും സമയം കിട്ടി. ഈ ഫ്രീഡം റൊണാൾഡോയിലേക്കുള്ള പാസിംഗ് ചാനലുകൾ തുറന്നു കൊടുത്തു.ഉസ്ബെക്കിസ്ഥാൻ പൂർണമായും പ്രതിരോധിച്ച് കളിക്കാൻ തയ്യാറാകാതെ, അല്പം അറ്റാക്കിംഗ് മൂഡിൽ 'ഹൈ ലൈൻ' ഡിഫൻസ് (പ്രതിരോധ നിരയെ മുന്നോട്ട് കയറ്റി നിർത്തുന്ന ശൈലി) ആണ് കളിച്ചത്. ഇത് അവർക്ക് പിന്നിൽ വലിയ സ്പേസ് സൃഷ്ടിച്ചു. പോർച്ചുഗലിന്റെ ക്രിയേറ്റീവ് മിഡ്ഫീൽഡർമാർ ഈ സ്പേസിലേക്ക് റൊണാൾഡോയെ ലക്ഷ്യമാക്കി പന്തുകൾ ചിപ്പ് ചെയ്ത് നൽകി. റൊണാൾഡോയുടെ ഓഫ്-ദി-ബോൾ മൂവ്‌മെന്റുകൾ ഈ പാസുകളെ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാൻ സഹായിക്കുകയും ചെയ്തു. ആദ്യ മത്സരത്തിലെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് സഹകളിക്കാർ ബോക്സിനുള്ളിലേക്ക് കൂടുതൽ 'ഡയറക്ട് പാസുകൾ' നൽകാൻ ശ്രമിച്ചു. റൊണാൾഡോയുടെ പൊസിഷനിംഗ് മനസ്സിലാക്കി സിൽവയും ബ്രൂണോയും വൺ-ടു-വൺ പാസുകളിലൂടെ ബോക്സിനുള്ളിൽ അദ്ദേഹത്തിന് നിരന്തരം അവസരം നൽകാൻ ശ്രമിച്ചുകൊണ്ടിരുന്നു. രണ്ട് ഗോളുകൾ നേടാൻ കഴിഞ്ഞു എന്നത് തന്നെ അദ്ദേഹത്തിന് ബോക്സിൽ കൃത്യമായ 'സർവീസ്' ലഭിച്ചു എന്നതിന്റെ തെളിവാണ്.

സത്യത്തിൽ ടീമിന് ബാധ്യതയാണോ?

 പോർച്ചുഗൽ ടീമിന്റെ സ്വാഭാവികമായ മിന്നൽ വേഗതക്ക് റൊണാൾഡോയുടെ സാന്നിധ്യം ചിലപ്പോഴൊക്കെ മങ്ങലേൽപ്പിക്കുന്നുണ്ട് എന്നത് കയ്പേറിയ ഒരു യാഥാർഥ്യമാണ്.അദ്ദേഹം ഒരു ബാധ്യതയാണെന്ന് പൂർണമായി പറയാൻ കഴിയില്ലെങ്കിലും, അദ്ദേഹത്തെ ഉപയോഗിക്കുന്ന രീതി മാറേണ്ടതുണ്ട്.  90 മിനിറ്റ് കളിപ്പിക്കുന്നതിന് പകരം, കളിയുടെ രണ്ടാം പകുതിയിൽ എതിരാളികൾ തളർന്നു നിൽക്കുമ്പോൾ ഒരു 'സൂപ്പർ സബ്ബ്' ആയി വന്ന് ഗോൾ നേടുന്ന റോളിലേക്ക് മാറിയാൽ അത് പോർച്ചുഗലിനും റൊണാൾഡോക്കും ഒരുപോലെ ഗുണം ചെയ്യില്ലേ?പ്രതിരോധത്തിലേക്ക് ഇറങ്ങി കളിക്കാനോ, നിരന്തരം പ്രസ്സ് ചെയ്യാനോ ഉള്ള ശാരീരിക ക്ഷമത ഇപ്പോൾ റോണോക്ക് കുറവാണ്. ഇത് മറ്റ് കളിക്കാരുടെ മേൽ അധിക ജോലിഭാരം വരുത്തുന്നു.പലപ്പോഴും കളി റൊണാൾഡോ കേന്ദ്രീകൃതമാകുമ്പോൾ ടീമിന്റെ സ്വാഭാവിക ഒത്തൊരുമയെയും മറ്റ് യുവതാരങ്ങളുടെ സ്വതന്ത്രമായ കളി ശൈലിയെയും ബാധിച്ചേക്കാം.

പ്രായത്തെ വെല്ലുന്ന കരിയർ റെക്കോർഡുകൾ:

യൂറോപ്യൻ ഫുട്ബോളിലെ 'കറുത്ത കുതിരകൾ' എന്ന് എക്കാലത്തും വിളിക്കപ്പെട്ടിരുന്ന പോർച്ചുഗലിന് അന്താരാഷ്ട്ര തലത്തിൽ വലിയൊരു കിരീടം എന്നത് പതിറ്റാണ്ടുകളായി സ്വപ്നം മാത്രമായിരുന്നു. യൂസേബിയോയും ലൂയിസ് ഫിഗോയും അടക്കമുള്ള ഇതിഹാസങ്ങൾക്ക് സാധിക്കാതിരുന്ന ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഒരൊറ്റ മനുഷ്യന്റെ നിശ്ചയദാർഢ്യത്തിലാണ്.
മുപ്പതാം വയസിലേക്ക് കടക്കുമ്പോൾ ഭൂരിഭാഗം ഫുട്ബോൾ താരങ്ങളുടെയും ഫോം മങ്ങുകയാണ് പതിവ്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ പ്രായം വെറുമൊരു അക്കമായി ഒതുങ്ങുകയായിരുന്നു. 30 വയസിന് ശേഷം അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങൾ ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തുന്നതാണ്.
പ്രധാന വ്യക്തിഗത-ടീം നേട്ടങ്ങൾ 30 വയസിന് ശേഷം ആയിരുന്നു.
പ്രധാന പുരസ്കാരങ്ങൾ: രണ്ട് തവണ വീതം ബാലൺ ഡി ഓർ, ഫിഫ ദി ബെസ്റ്റ്, യുവേഫ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കി.

യൂറോപ്യൻ കിരീടങ്ങൾ: റയൽ മാഡ്രിഡിനൊപ്പം മൂന്ന് ചാമ്പ്യൻസ് ലീഗ് ട്രോഫികളാണ് താരം ഉയർത്തിയത്.
ദേശീയ ടീമിനൊപ്പം: പോർച്ചുഗൽ ദേശീയ ടീമിനായി രണ്ട് പ്രധാന അന്താരാഷ്ട്ര കിരീടങ്ങൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഏറ്റവും പുതിയ നേട്ടം: സൗദി ക്ലബ്ബായ അൽ നസ്റിനൊപ്പം സൗദി ലീഗ് കിരീടവും അദ്ദേഹം തന്റെ കരിയറിലേക്ക് കൂട്ടിച്ചേർത്തു. മറ്റ് ഇതിഹാസ താരങ്ങളായ പെലെ, ഡിഗോ മറഡോണ, യോഹാൻ ക്രൈഫ്, സിനദിൻ സിദാൻ എന്നിവരുടെയും ബ്രസീലിയൻ താരങ്ങളായ റൊണാൾഡോ നസാരിയോ, റൊണാൾഡീഞ്ഞോ എന്നിവരുടെയും 30 വയസിന് ശേഷമുള്ള കരിയറുമായി താരതമ്യം ചെയ്യുമ്പോഴാണ് ക്രിസ്റ്റ്യാനോയുടെ നേട്ടങ്ങളുടെ വ്യാപ്തി വ്യക്തമാകുന്നത്. പ്രായത്തിന്റെ പരിമിതികളെ പൂർണമായും മറികടന്നാണ് റൊണാൾഡോ ഈ അസാധ്യ നേട്ടങ്ങൾ കരിയറിന്റെ രണ്ടാം പകുതിയിൽ സ്വന്തമാക്കിയത്.

പോർച്ചുഗലിൻ്റെ നേട്ടങ്ങൾ:

പോർച്ചുഗലിന്റെ പ്രധാന കിരീട നേട്ടങ്ങളും അതിൽ റൊണാൾഡോയുടെ സംഭാവനകളും ഇങ്ങനെയാണ്:
യൂറോ കപ്പ് 2016: പോർച്ചുഗലിന്റെ ചരിത്രത്തിലെ ആദ്യ പ്രധാന അന്താരാഷ്ട്ര കിരീടം. ടൂർണമെന്റിലുടനീളം 3 ഗോളും 3 അസിസ്റ്റുകളുമായി റൊണാൾഡോ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. ഫ്രാൻസിനെതിരെ ഫൈനലിൽ പരിക്കേറ്റ് കണ്ണീരോടെ കളം വിടേണ്ടി വന്നിട്ടും, സൈഡ്‌ലൈനിൽ രണ്ടാമതൊരു കോച്ചിനെപ്പോലെ നിന്ന് സഹതാരങ്ങളെ ആവേശം കൊള്ളിച്ച സിആർ7-ന്റെ ആ മുഖം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വൈകാരികനിമിഷമാണ്.

യൂറോപ്പ നേഷൻസ് ലീഗ് 2019: പോർച്ചുഗലിന്റെ ഷെൽഫിലെത്തിയ രണ്ടാമത്തെ വലിയ കിരീടം. സെമിഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരെ റൊണാൾഡോ നേടിയ മാന്ത്രിക ഹാട്രിക്കാണ് അവരെ ഫൈനലിലെത്തിച്ചതും കിരീടത്തിലേക്ക് നയിച്ചതും.
ഇതുകൂടാതെ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ (145) നേടിയ താരം എന്ന റെക്കോർഡും ഈ 41കാരന്റെ പേരിലാണ്. 
വനിതാ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് കാനഡയുടെ ക്രിസ്റ്റീൻ സിൻക്ലെയർ (190 ഗോൾ) ആണ്.
അന്താരാഷ്ട്ര പുരുഷ ഫുട്ബോളിലെ മറ്റു പ്രധാന ഗോൾവേട്ടക്കാർ: ലയണൽ മെസി (അർജന്റീന) - 122, അലി ദെയി (ഇറാൻ) - 109, സുനിൽ ഛേത്രി (ഇന്ത്യ) - 94 എന്നിവരാണ്.

Cr 7 നെ കുറിച്ച് വിമർശകർ പറയുന്നതിങ്ങനെയാണ്.

"എതിരാളികളുടെ പെനാൽറ്റി ബോക്സിനടുത്ത് കറങ്ങിനടക്കും. പോസ്റ്റിൻ്റെ അടുത്ത് എവിടെയെങ്കിലും ഓഫ്‌സൈഡാകാതെ ബുദ്ധിപരമായി തമ്പടിച്ചു കിടക്കാൻ മിടുക്കനാണ്. ആരെങ്കിലും അദ്ധ്വാനിച്ച് പന്ത് ബോക്സിലെത്തിച്ചാൽ അത് ഗോൾ പോസ്റ്റിലേക്ക് പതുക്കെ തട്ടിയിടും!. ഗോൾ! പണി കഴിഞ്ഞു. ഗോൾ അടിക്കാൻ പറ്റിയില്ലെങ്കിൽ എതിരാളികളെ റഫറി കാണാതെ ഫൗൾ ചെയ്യും, എന്നിട്ട് സ്വയം വീഴും, ബോധം കെട്ട പോലെ. പെനാൽറ്റി കിട്ടിയാൽ അതും വേറെയാർക്കും കൊടുക്കില്ല. പൊക്കിക്കൊണ്ടുനടക്കാൻ സഹകളിക്കാരെ അപേക്ഷിച്ച് എണ്ണമറ്റ ആരാധകക്കൂട്ടം എക്കാലവുമുണ്ടായിരുന്നു."

"തോൽവികൾ പുത്തരിയല്ലെന്നും cr അവതരിക്കുമെന്നും അയാൾ തിരിച്ചു വരുമെന്നും ഗോളടിക്കുമെന്നും" പ്രതീക്ഷിക്കുന്ന ആരാധകക്കൂട്ടമാണ് കരുത്തും വെല്ലുവിളിയും.