സ്വപ്നയുടെയും സരിത്തിന്റെയും മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി

ജാമ്യം ലഭിക്കുന്ന വകുപ്പുകളിലാണ് കേസ് എന്നതിനാൽ

സ്വപ്നയുടെയും സരിത്തിന്റെയും മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളിലാണ് കേസെന്ന സർക്കാർ വാദം അംഗീകരിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ, സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്‌ന സുരേഷും പിഎസ് സരിത്തും നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. സ്വപ്‌നയുടെ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ വാദിച്ചു. പിഎസ് സരിത്ത് നിലവിൽ കേസിൽ പ്രതിയല്ലെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി നടപടി ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സ്വപ്‌ന സുരേഷ് നേരത്തെ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പല ഭാഗത്തുനിന്നും ഭീഷണിയുണ്ടെന്നും ഹർജി ഉടൻ പരിഗണിച്ച് ഇടക്കാലഉത്തരവ് പുറപ്പെടുവിക്കണമെന്നും സ്വപ്‌നയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കിൽ തിടുക്കപ്പെടുന്നത് എന്തിനെന്നായിരുന്നു ഇതിന് കോടതിയുടെ പ്രതികരണം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉൾപ്പെടുന്നതാണ് സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യഹർജി. മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഷാജി കിരൺ എന്നയാൾ തന്നെ സമീപിച്ചതായി സ്വപ്‌ന ഹർജിയിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ വന്നത്. ഇന്നു രാവിലെ 10നകം ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് അന്ത്യശാസനം നൽകിയെന്നും ഹർജിയിൽ സ്വപ്‌ന പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് പാലക്കാട്ടെ തന്റെ ഓഫീസിലെത്തിയാണ് ഭീഷണിപ്പെടുത്തിയത്.ഷാജി സംസാരിച്ച ശബ്ദരേഖ തന്റെ പക്കലുണ്ട്. ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള ടൊയോട്ട കാറിലാണ് ഷാജി എത്തിയത്. മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധമുള്ളയാളാണ്. കെ പി യോഹന്നാന്റെ ഒരു സംഘടനയുടെ ഡയറക്ടറായും പ്രവർത്തിക്കുന്നുണ്ടെന്ന് ഇയാൾ പരിചയപ്പെടുത്തിയെന്ന് സ്വപ്‌ന ഹർജിയിൽ വ്യക്തമാക്കുന്നു. ആർഎസ്എസിന്റെയും ബിജെപിയുടേയും പ്രേരണയാലാണ് മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു മൊഴി നൽകിയതെന്ന് തിരുത്തിപ്പറയണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ അടക്കം പോസ്റ്റ് ചെയ്യണം. അല്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും. ഇപ്പോഴുള്ള കേസുകളിൽ ദീർഘകാലം ജയിലിൽ കിടക്കേണ്ടി വരും. പുറം ലോകം കാണില്ല. അനുസരിച്ചില്ലെങ്കിൽ പത്തുവയസ്സുള്ള മകൻ ഒറ്റക്കായി പോകുമെന്നും ഭീഷണിപ്പെടുത്തി. ഇപ്പോഴത്തെ വെളിപ്പെടുത്തൽ അടക്കം കസ്റ്റംസിന് മൊഴി നൽകിയിരുന്നു. എന്നാൽ തന്റെ രഹസ്യമൊഴിയിൽ നടപടി എടുക്കാതെ പൂഴ്ത്തി വെക്കാനാണ് കസ്റ്റംസ് ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ടവരുടെ പേരുകൾ പുരത്തു വരാതിരിക്കാൻ ജയിലിൽ കിടക്കുന്ന ഘട്ടത്തിലും കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു. പൊലീസുകാർ തന്നെ അപായപ്പെടുത്തുമെന്ന ഘട്ടം വരെയുണ്ടായി. അതിനാലാണ് ഇക്കാര്യങ്ങളെല്ലാം തുറന്നുപറയാൻ നിർബന്ധിതയായത്. കേസ് തന്നെ വേട്ടയാടുന്നതിന്റെ ഭാഗമായാണ്. അതിനാൽ മുൻകൂർ ജാമ്യം നൽകണം. ഇപ്പോഴുണ്ടായിട്ടുള്ള ആരോപണങ്ങളിൽ താൻ പങ്കാളിയല്ലെന്നും ഹർജിയിൽ സ്വപ്‌ന വ്യക്തമാക്കുന്നു. സ്വപ്‌നയ്ക്കു പുറമേ, സരിത്തും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. കെ ടി ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, പി സി ജോർജുമായി ചേർന്ന് ഗൂഢാലോചന നടത്തി, കലാപമുണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സ്വപ്‌നയ്‌ക്കെതിരെ തിരുവനന്തപുരം കന്റാൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.