മദ്രസ എന്ന വാക്ക് ഇല്ലാതാവണം:അസം മുഖ്യമന്ത്രി
മദ്രസയിൽ പോയാൽ ഡോക്ടറും എൻജിനീയറോ ആകില്ല
മദ്രസകള്‍ നിര്‍ത്തലാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഔപചാരിക വിദ്യാഭ്യാസത്തേക്കാള്‍ മതപരമായ പ്രബോധനത്തിനാണ് മദ്രസകള്‍ മുന്‍ഗണന നല്‍കുന്നത്.
മദ്രസ എന്ന വാക്ക് നിലനില്‍ക്കുന്നിടത്തോളം കാലം കുട്ടികള്‍ക്ക് ഡോക്ടറും എഞ്ചിനീയറും ആകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ പഠിപ്പിക്കരുതെന്ന് ആരും പറയുന്നില്ല. നിങ്ങള്‍ മക്കളെ ഖുര്‍ആന്‍ പഠിപ്പിച്ചോളൂ, പക്ഷേ അത് വീട്ടില്‍ മാത്രമായിരിക്കണം.
കുട്ടികളെ നിര്‍ബന്ധിച്ച് മദ്രസകളില്‍ അയക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. എല്ലാ കുട്ടികളെയും സയന്‍സ്, ഗണിതം, ജീവശാസ്ത്രം, സസ്യശാസ്ത്രം, സുവോളജി എന്നിവ പഠിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കണം. രണ്ടോ മൂന്നോ മണിക്കൂര്‍ മതപരമായ പഠനം നടത്തുക. എന്നാല്‍ സ്കൂളുകളില്‍ വിദ്യാര്‍ഥിയെ എഞ്ചിനീയറോ ഡോക്ടറോ ആകാന്‍ കഴിയുന്ന രീതിയില്‍ പഠിപ്പിക്കണം"- എന്നാണ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്. മദ്രസകളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ ഖുര്‍ആന്‍ പഠിക്കുന്നതുകൊണ്ട് കഴിവുള്ളവരാണെന്ന വാദം ഹിമന്ത ബിശ്വ ശര്‍മ നിരസിച്ചു.
അസമില്‍ സര്‍ക്കാരിന്റെ കീഴിലുള്ള മദ്രസകള്‍ ഒന്നുകില്‍ സാധാരണ സ്കൂളുകളാക്കി മാറ്റുമെന്നും അല്ലെങ്കില്‍ അവ അടച്ചുപൂട്ടുമെന്നും 2020ല്‍ അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. 1955ലെ മദ്രസ വിദ്യാഭ്യാസ പ്രൊവിന്‍ഷ്യലൈസേഷന്‍ നിയമവും 2018ലെ അസം മദ്രസ വിദ്യാഭ്യാസ നിയമവും റദ്ദാക്കിക്കൊണ്ട് 2021ല്‍ അസം നിയമസഭ നിയമം പാസാക്കുകയും ചെയ്തു.
manikantan@mediagraamam.com