വിവാഹ വേദിയില്‍ അമിത് ഷാ കുടുങ്ങി; തൊട്ട് മുന്നില്‍ സോണിയയും രാഹുല്‍ ഗാന്ധിയും
നീറ്റ് വിഷയത്തിൽ പാർലമെന്റിൽ മറുപടി നൽകണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമാകുന്നതിനിടെ അമിത് ഷായുടെ സഭയിലെ അസാന്നിധ്യവും വിവാഹസൽക്കാരത്തിലെ സാന്നിധ്യവും രാഷ്ട്രീയ ചർച്ചയാകുന്നു.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്ന് മുങ്ങി നടക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നീറ്റ് വിഷയത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ തല്ലി ചതച്ച പൊലീസ് നടപടിയില്‍ നിലപാട് പരസ്യമാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ വര്‍ഷക്കാല സമ്മേളനം അതിന്റെ അവസാന മണിക്കൂറിലേയ്ക്ക് കടക്കുമ്പോഴും അമിത് ഷാ ആ വഴി ഒന്നും എത്തിനോക്കിയത് പോലുമില്ല. ഇനി രണ്ട് ദിവസത്തിനുള്ളില്‍ വര്‍ഷക്കാല സമ്മേളനത്തിന് തിരശീല വീഴും. ചില നിര്‍ണായ ബില്ലുകള്‍ ഈ ദിനങ്ങളില്‍ സഭയില്‍ അവതരിപ്പിക്കേണ്ടതുണ്ട്. എന്നിട്ടും അമിത് ഷാ സഭയില്‍ എത്താതെ മുങ്ങി നടക്കുകയാണ്. അതേ സമയം ഡല്‍ഹിയില്‍ നടന്ന ഒരു വിവാഹ സത്ക്കാര വേദിയില്‍ രാഹല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും മുന്നില്‍ പെട്ടു പോയ അമിത് ഷായുടെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലേയുടെ മകളുടെ വിവാഹസത്ക്കാരത്തിന് ഇടയ്ക്കാണ് നേതാക്കള്‍ കണ്ടുമുട്ടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുത്ത വിവാഹസൽക്കാരം ചടങ്ങിലാണ് അമിത് ഷാ എത്തിയത്. പാര്‍ലമെന്റില്‍ എത്തുവാന്‍ മടിച്ച് നില്‍ക്കുന്ന അമിത് ഷായക്ക് കല്യാണം കൂടാം, ഫോട്ടോ എടുക്കാം. സത്കാരത്തില്‍ പങ്കെടുക്കാം. എന്നാല്‍ രാജ്യത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ നീറ്റ് പരീക്ഷ ക്രമക്കേടില്‍ മറുപടി പറയാന്‍ പാര്‍ലമെന്റില്‍ എത്തുവാന്‍ മാത്രം അമിത് ഷായുടെ കാലുകള്‍ അനങ്ങില്ല. വിവാഹ വേദിയില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും തൊട്ടരികിലൂടെ കടന്ന് പോയ അമിത് ഷാ പക്ഷെ രണ്ട് പേര്‍ക്കും മുഖം കൊടുത്തില്ല. തങ്ങളുടെ എംപിമാരോട് പാര്‍ലമെന്റില്‍ മൂന്ന് ദിവസം സന്നിഹിതരാകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിലെ സുപ്രധാന പാര്‍ട്ടികള്‍ വിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ ഷാ എത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്..
എന്നാല്‍ പ്രതിപക്ഷം സഭയ്ക്ക പുറത്ത കാത്ത നിന്നിട്ടും അമിത് ഷാ എത്തിയില്ല. അമിത് ഷായുടെ സാനിധ്യത്തില്‍ തന്നെ എംപിമാരെ കൊണ്ട് എതിര്‍ക്കാനുള്ള വഴികളാണ് കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും തേടുന്നത്. ഇന്ത്യ സഖ്യത്തിന്റെ ശക്തി തെളിയിക്കുവാനുള്ള അവസരമായിട്ടാണ് പ്രതിപക്ഷം ഈ മൂന്ന് ദിവസങ്ങളെ കാണുന്നത്. അതുകൊണ്ട് കൂടിയാണ് ഒറ്റ എംപിമാര്‍ പോലും പാര്‍ലമെന്റിന് പുറത്ത് ഈ മൂന്ന് ദിവസങ്ങളില്‍ പോകരുതെന്ന നിര്‍ദ്ദേശം രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 10, 11, 12 തീയതികളില്‍ ലോക്‌സഭയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ് വെള്ളിയാഴ്ച തന്നെ എംപിമാര്‍ക്ക് ത്രീ-ലൈന്‍ വിപ്പ് നല്‍കിയിരുന്നു. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും വിപ്പ് നല്‍കുകയായിരുന്നു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ഓഗസ്റ്റ് 13 ന് അവസാനിക്കാനിരിക്കെ, സമ്മേളനം നീട്ടാന്‍ ഇതുവരെ നിര്‍ദ്ദേശമൊന്നുമില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് അമിത് ഷാ ഒളിച്ചുകളിക്കുന്നത്.
നിഖിൽ എസ് ബാലകൃഷ്ണൻ